
ഉച്ചക്ക് ഓഫീസിലെ അധ്വാനം കഴിഞ്ഞ് റസ്റ്റോറന്റില്‍ കഠിനാധ്വാനം. അത് കഴിഞ്ഞപ്പോഴേക്കും ബഹ്റൈന്‍ ചൂടില്‍ ആകെ ഉരുകി ഒലിക്കാന്‍ തുടങ്ങി. ഒരു വിധത്തിലാണ് ഫ്ലാറ്റിലേക്ക് ഓടിയെത്തിയത്.ലിഫ്റ്റ് വരാന്‍ വേണ്ടി നില്ക്കുമ്പോള് മൂന്നാമത്തെ ഫ്ലാറ്റിലെ മലയാളീ കുടുംബത്തിലെ കുട്ടി കരഞ്ഞുകൊണ്ട് വരുന്നു. വെറുതേ ഒരാവേശത്തിന് ഞാന്‍ അവന് കരയുന്നതിന്റെ കാരണം തിരക്കി.
വലിയ കഷ്ടം തന്നെ; സ്കൂളില്‍ പഠിക്കുന്ന അവന്റെ പെന്‍സില്‍, ക്ലാസ്മേറ്റായ ഏതോ ഒരു അഭിനവ് റോയ് ജനലിലൂടെ താഴെ കളഞ്ഞു പോലും. ഞാന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അവന് വിങ്ങിപ്പൊട്ടുകയാണ്, ഇന്ന് വാങ്ങിയ പുതിയ പെന്സിലാണ് കൂട്ടുകാരന് കളഞ്ഞതെന്നും പറഞ്ഞ്...
അതിനെന്താ, വേറൊരു പെന്‍സില്‍ വാങ്ങിയാല്‍ പ്രശ്നം തീര്‍ന്നല്ലോ, അമ്മയോട് മോന് ഇതങ്ങോട്ട് പറഞ്ഞാല്‍ പോരേ എന്ന എന്റെ ചോദ്യത്തിനുത്തരമായി അവന് ഏങ്ങലടിയുടെ ഡെപ്ത്ത് കൂട്ടി. എനിക്കാകെ വിഷമമായി.മോന് ഞാന്‍ പെന്‍സില്‍ വാങ്ങിച്ചു തരട്ടേ? അവന്റെ കരച്ചിലടക്കാന്‍ ഞാന്‍ ഒരു ഫോര്‍മാലിറ്റിക്കുവേണ്ടി ചോദിച്ചു. “താങ്ക്യൂ അങ്ക്ള്, നമുക്ക് ഇപ്പൊ തന്നെ പെന്‍സില്‍ വാങ്ങാം?”
ഠിം!
അവന് പണി തന്നു. ഇങ്ങനെ ഒരു മറുപടി കുട്ടി പറയുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ഒരു അയല്‍പക്കബന്ധത്തിന്റെ പേരില്‍ ചോദിച്ചുവെന്നേയുള്ളൂ. ഇനി പറഞ്ഞിട്ടെന്തുകാര്യം...വലിയ പാരയായിപ്പോയല്ലോ ചെക്കന് വച്ചത്? ഈ ചൂടിന് ഇനിയും തിരിച്ച് പുറത്തിറങ്ങാനോ? ആരെങ്കിലും എന്തെങ്കിലും ഓഫര്‍ ചെയ്താല്‍ വേണ്ട എന്ന് പറയാന്‍ ഇവന്റെ അമ്മ ഇവനെ പഠിപ്പിച്ചിട്ടില്ലേഅങ്ങനെ ആ പൊരിയുന്ന വെയിലത്ത് അപ്പുറത്തെ കോള്‍ഡ് സ്റ്റോറില്‍ പോയി കുട്ടിക്ക് പെന്‍സില്‍ വാങ്ങിച്ചുകൊടുത്ത് തിരിച്ച് നടക്കുമ്പോള്‍ എന്റെ ഓര്‍മകള്‍ ഒരു പതിനഞ്ചുവര്‍ഷം പുറകിലോട്ട് പോയി...
സ്കൂളില്‍ പോയിത്തുടങ്ങുന്ന കാലം. ആരെന്ത് തന്നാലും വാങ്ങരുത് എന്ന് എനിക്കും മൂത്ത പെങ്ങള്‍ക്കും ഉപ്പയുടെ സ്റ്റാന്റിംഗ് ഇന്‍സ്ട്രക്ഷനുണ്ട്. സ്കൂളില്‍ സ്കൂളിന് പുറത്തെ പെട്ടിപ്പീടികയില്‍ നിന്ന് കുട്ടികള്‍, പുളിക്കുന്ന നാരങ്ങ പകുതിക്ക് മുറിച്ച് ഉപ്പും മുളകും പുരട്ടിയത് 25 പൈസക്ക് വാങ്ങിത്തിന്നുമ്പോള്‍ അത് നോക്കിനില്ക്കാന് മാത്രമേ ഞങ്ങള്‍ക്ക് അനുവാദമുണ്ടായിരുന്നുള്ളൂ. ആരെങ്കിലും വെച്ചുനീട്ടിയാല്‍ പോലും അത് വാങ്ങിപ്പോകരുതെന്നാണ് വീട്ടില്‍ നിന്നുള്ള നിര്‍ദ്ദേശം. അങ്ങനെ ആരുടെയെങ്കിലും കയ്യില്‍ നിന്ന് വാങ്ങിത്തിന്നുന്നത് മോശമാണത്രേ. അതിനി വിരുന്നിന് പോയ വീട്ടിലാണെങ്കിലും അവിടെനിന്ന് കിട്ടുന്ന സല്‍ക്കാരത്തിന്റെ കാര്യമാണെങ്കിലും..
ഒരിക്കല്‍ “വളപട്ടനത്തുള്ള ഉമ്മയുടെ സഹോദരന് (മാമന്) ന്റെ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു ഉമ്മയും ഞാനും സഹോദരിയും. ടൌണിലൂടെ പോകുക എന്ന കാര്യം ഉമ്മ കഴിയും വിധം ഒഴിവാക്കാറുണ്ട്. അതുകൊണ്ട് തന്നെ പുഴ കടന്ന് പോകാമെന്ന് ഉമ്മ തീരുമാനിച്ചു. ആ വഴിപോയാല്‍ ടൌണിലെ കാഴ്ച്ചകളും അമ്മദ്ക്ക തരാറുള്ള കടലയും മിസ്സാവുമെങ്കിലും ആളുകള്‍ മീന്‍പിടിക്കുന്നത് കാണാമെന്നതിനാലും, പറ്റുമെങ്കില്‍ ഉമ്മയുടെ കണ്ണുവെട്ടിച്ച് പുഴയിലേക്ക് ഞാന്നു കിടക്കുന്ന പേരക്കമരത്തില് കയറാമെന്നതിനാലും ആ തീരുമാനത്തിന് എന്റെ എല്ലാതരത്തിലുള്ള അംഗീകാരവും ഞാന്‍ നല്കി. കിട്ടാന്‍ പോകുന്ന പേരക്കയില് ഒരു ഭാഗം കൊടുക്കാമെന്ന എന്റെ ഓഫര്‍ സഹോദരിയേയും ആനന്ദതന്തുലിതയാക്കി.അങ്ങനെ ഉമ്മയും പെങ്ങളും മുന്നിലും, ഞാന്‍ അല്‍പ്പം പിന്നിലുമായി പുഴവക്കിലൂടെ ആ യാത്ര തുടരുമ്പോള്‍ പേരക്കമരത്തില് എന്റെ കണ്ണുകള്‍ ഉടക്കുകയും ഞാന്‍ പേരക്കപറിക്കല്‍ പ്രോസസ് ആരംഭിക്കുകയും ചെയ്തു. പക്ഷേ ഒരു ദുര്‍ബലനിമിഷത്തില്‍ എന്റെ കാലുകള്‍ ആ മരത്തിന്റെ ഏതോ ഒരു ദുര്‍ബലമായ കമ്പില്‍ ചവിട്ടുകയും ഒട്ടും സമയം വേസ്റ്റാക്കാതെ ഞാന്‍ താഴെ, പോത്തിനെ അരുകുന്ന ആജീക്ക വെള്ളിയാഴ്ച്ച അറക്കാന്‍ വേണ്ടി കൊണ്ടുവന്ന ഏതോ ഒരു വയനാടന്‍ പോത്ത് നിക്ഷേപിച്ച ചാണകത്തില്‍ ചന്തികുത്തി നിലംപതിക്കുകയും ചെയ്തു.ഹും.. വെറും പാറ്റക്കനം മാത്രമുള്ള ഞാന്‍ ചവിട്ടുമ്പോഴേക്കും ഒടിഞ്ഞുപോകുന്ന കൊമ്പ്. പേരക്ക കൊമ്പാണത്രേ, പേരക്കക്കൊമ്പ്! എനിക്ക് ആ കിടന്നകിടപ്പിലും ദേഷ്യം വന്നു.“
ഹള്ളാ, ഓനു ബീണിറ്റ് എന്തോ പറ്റി ഉമ്മാ“ എന്ന് സഹോദരി മുന്പില് നടക്കുന്ന ഉമ്മയെ അറിയിക്കുമ്പോഴേക്കും ഞാന്‍ ഒരു ബ്ലിങ്കിയ ചിരിയോടെ ഉമ്മയുടെ അടുത്തെത്തിയിരുന്നു. “ഇല്ലില്ല, ഒന്നും പറ്റീക്കില്ല, ഓള് ബെറ്തേ പറഞ്ഞതാ” എന്ന് വീഴ്ച്ചയില്‍ മുകളിലേക്ക് കയറിപ്പോയ ട്രൌസര്‍ അല്‍പ്പം പുറകിലേക്ക് വലിച്ചിട്ടുകൊണ്ട്, വേദന കടിച്ചുപിടിച്ചുകൊണ്ട് ഞാന്‍ ഉമ്മയെ ബോധ്യപ്പെടുത്തി. നിനക്ക് ഞാന്‍ വീട്ടിലെത്തിയിട്ട് കാണിച്ചുതരാം എന്നായിരുന്നു ഉമ്മയുടെ ഉള്ളിലിരിപ്പ് എന്ന് ഉമ്മയുടെ മുഖഭാവത്തില്‍ നിന്ന് ഞാന്‍ മനസിലാക്കി. അല്ലെങ്കിലും ഉമ്മ എന്നെ പബ്ലിക്കായിട്ട് തല്ലാറില്ല, വീടിനു പുറത്ത് എന്ത് കുറ്റം ചെയ്താലും വീട്ടിലെത്തിയാലാണ് ശിക്ഷ നടപ്പാക്കാറുള്ളത്.
അങ്ങനെ നടക്കുമ്പോള്‍ എന്റെ അശ്രദ്ധ കാരണം ഒരു നിമിഷം ഞാന്‍ ഉമ്മയെ ഓവര്‍ടെയ്ക്ക് ചെയ്തു. എന്റെ ഞൊണ്ടിഞൊണ്ടിയുള്ള നടപ്പും പുറകില്‍ പറ്റിയ ചാണകവും ഉമ്മയുടെ ശ്രദ്ധയില്‍ പെട്ടു. അത് കഴുകി ക്ലീനാക്കാന് വേണ്ടി ഞങ്ങള്‍ വഴിയരികിലെ ഉമ്മയുടെ പഴയ കൂട്ടുകാരിയുടെ വീട്ടിലേക്ക് കയറി ഉമ്മ എന്റെ ട്രൌസര്‍ വൃത്തിയാക്കിത്തന്നതിനു ശേഷം അവരോട് സംസാരം തുടങ്ങി. ഞങ്ങള്‍ കുട്ടികള്‍ക്കായി അവര്‍ ഒരു ബസ്സി (പ്ലേറ്റ്) നിറയെ “കായിപൂള്“ വറുത്തകായ അഥവാ ബനാന ചിപ്സും രണ്ട് ഗ്ലാസ് ഹോര്‍ലിക്സും കൊണ്ടു വന്നു. അത് വേണ്ടാ എന്ന് പറയാന്‍ ഉമ്മ ആംഗ്യം കാട്ടിയെങ്കിലുംഞങ്ങള് കണ്ട ഭാവം നടിക്കാതെ ഹോര്‍ലിക്സ് കാലിയാക്കി കായിപൂള് അറ്റാക്ക് ചെയ്യാന്‍ തുടങ്ങി.
ഉമ്മയും കൂട്ടുകാരിയും അവരുടെ ചര്‍ച്ചകളില്‍ മുഴുകി.അങ്ങനെ പറഞ്ഞ്പറഞ്ഞ് അസര്‍ ബാങ്ക് കൊടുത്തപ്പോള്‍ ഉമ്മയ്ക്ക് വീട്ടില്‍ അലക്കാനുള്ള തുണികളെകുറിച്ചും മറ്റ് ഹൌസ്ഹോള്‍ഡ് ചൊറെകളെ പറ്റിയും ഓര്‍മ്മവരികയും “എന്നാപ്പിന്ന ഞമ്മള് പോട്ടെ, പിന്നെ ബെരാ” എന്ന് ഉപസംഹരിക്കുകയും ചെയ്തു. പക്ഷേ അപ്പോഴേക്കും സംഭവിക്കേണ്ടത് സംഭവിച്ചിരുന്നു. പൊടിപോലുമില്ല കണ്ടുപിടിക്കാന്‍, കയിപൂലിന്റ്റെ ബസ്സിയില്‍...ഉമ്മയുടെ മുഖം ദേഷ്യവും നാണക്കേടും കൊണ്ട് ചുവന്നു. പക്ഷേ അവിടെവച്ച് ഒരു സീനുണ്ടാക്കാതെ ഉമ്മ ഞങ്ങളെയും കൂട്ടി വീട്ടിലേക്ക് നടന്നു.വീട്ടിലെത്തിയിട്ടും ഉമ്മയൊന്നും മിണ്ടുന്നില്ല.
രക്ഷപ്പെട്ട സന്തോഷത്തില്‍ ഞാന്‍ കൂട്ടുകാരുടെ കൂടെ കളിക്കാന്‍ പോയി. മഗ്രിബ് ബാങ്കിന്റെ സമയത്ത് വീട്ടിലെത്തിയപ്പോള്‍...കോലായില്‍ മുഖം വീര്‍പ്പിച്ചിരിക്കുന്ന പെങ്ങള്. എനിക്ക് കാര്യം മനസിലായി. ഉമ്മയുടെ കയ്യില്‍ നിന്നും അവള്‍ക്ക് കിട്ടേണ്ടത് കിട്ടിയിരിക്കുന്നു. ഇനി എന്റെ ഊഴം.ഉമ്മയും ഉപ്പയും തമ്മില്‍ എപ്പോഴും നല്ല അണ്ടര്‍സ്റ്റാന്റിംഗാണ്. കുഞ്ഞുങ്ങളെ തല്ലി വളര്‍ത്തണമെന്ന കാര്യത്തില്‍ പ്രത്യേകിച്ചും.അന്ന് കാണിച്ച കുരുത്തക്കേടുകള്‍ക്ക് മുഴുവനുമായി ഞാന്‍ തല്ലുകൊണ്ടു. ഏറ്റവും പ്രധാനപ്പെട്ട തല്ലുകൊള്ളിത്തരം തീര്‍ച്ചയായും മറ്റേത് തന്നെ; പ്ലേറ്റ് കാലിയാക്കിയത്. കളിക്കാന്‍ പോയിട്ട് വൈകിവന്നതിന് പ്രത്യേകഓഫര്‍ വേറെയും.അന്നത്തെ അടിയുടെ ഗുണപാഠം ഇതായിരുന്നു: ഇനി എന്തൊക്കെയായാലും, ആരുടെ വീട്ടില്‍ വിരുന്നിന് പോയാലും പ്ലേറ്റ് മുഴുവന്‍ കാലിയാക്കരുത്.ആ അടിയുടെ ഓര്‍മ്മകള്‍ ഇന്നും എന്നിലുള്ളതുകൊണ്ട് ആരുടെ വീട്ടില്‍ പോയാലും, എത്ര രുചിയുള്ള വിഭവമായാലും എന്റെ തൊണ്ടയിലൂടെ അധികമങ്ങിറങ്ങില്ല, സത്യം.