2009, ഒക്‌ടോബർ 24, ശനിയാഴ്‌ച

പാവം പ്രവാസി....


ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ വീണുകിട്ടുന്ന
ഒഴിവുസമയങ്ങളില്‍ ചിലപ്പോഴെങ്കിലും
മനസ്സൊരു യാത്ര പോകും…….
ഓരോ പ്രവാസിയെയും കുറിച്ച് ചിന്തിക്കും.....
കാരണം ഞാനും അവരില്‍ ഒരാളാണല്ലോ.......
പിന്നെ ചിലരുടെ വിഷമങ്ങള്‍ നേരില്‍ കേട്ടിട്ടുമുണ്ട്.....
പക്ഷേ...
അതൊക്കെയോര്‍ത്തു സഹതപിക്കാനല്ലാതെ...
മറ്റൊന്നിനും നമുക്ക് കഴിയാറില്ല
എന്നതാണ് സത്യം..........
എങ്കിലും യഥാര്‍ത്ഥ പ്രവാസ ജീവിതം
എന്താണെന്ന് മനസ്സിലാക്കിയത്
ഇവിടെ എത്തിയതിനു ശേഷമാണ്.......
നാട്ടില്‍ ടാറുരുക്കുന്ന തൊഴിലാളികളെ
കാണുമ്പോള്‍ മനസ്സുരുകിയിരുന്ന എനിക്ക്
അതൊക്കെ എത്ര നിസ്സാരമാണെന്നു മനസ്സിലായത്‌
ഇവിടെ വന്നതിനു ശേഷമാണ്.......
വീണു കിട്ടുന്ന ഒഴിവു വേളകളില്‍ പേര്‍സില്‍
വെച്ചിരിക്കുന്ന പ്രിയതമയുടെ ഫോട്ടോയില്‍ നോക്കി
നെടുവീര്‍പ്പിടുന്നവരും,
അച്ചനെയുമമ്മയെയും ആദ്യമായി പിരിഞ്ഞതില്‍
മനംനൊന്തു വിങ്ങിപൊട്ടുന്നവരും
ഇവിടേ അപൂര്‍വ്വമല്ല.........
ഓരോ പ്രവാസിക്കും വീണു കിട്ടുന്ന
ഒഴിവു സമയങ്ങള്‍ വീടിനെ കുറിച്ചോര്‍ക്കാന്‍
മാത്രമുള്ളതാണ്.........
പിന്നെ സ്വതന്ത്രമായവാന്‍ പറക്കും.........
അങ്ങു ദൂരേക്ക്.....
കണ്ണെത്താത്തത്രയും ദൂരേക്ക്….
അവിടെ തന്‍റെ മാത്രം
ജീവനായ കൊച്ചു കുടുംബത്തിലോട്ട്…..
പിന്നെ വര്‍ണ്ണിച്ചാല്‍ തീരാത്ത സൗന്ദര്യമുള്ള
പുഴകളും, പൂക്കളും,പച്ചപുതച്ച പാടങ്ങളും,
അമ്പലക്കാവുകളും,കുളങ്ങളും,
മൃദു സംഗീതമൊഴുകുന്ന കൊച്ചരുവികളും….
എത്ര കണ്ടാലും മതിവരാത്ത വര്‍ഷമേഘങ്ങളും…..
പ്രകൃതിയുടെ പുണ്യതീര്‍ത്ഥമായി
വിണ്ണില്‍ നിന്നുതിരുന്ന അമൃതമഴയും…….
മഴയത്തുലയുന്ന വന്‍മരങ്ങളും ….
എല്ലാം ഓരോ പ്രവാസിയുടെയും കണ്മുന്നില്‍
തെളിയുന്ന സ്വകാര്യ ദുഖമാണ്…….
അല്ലെങ്കില്‍ അവന്‍റെ സ്വപ്നമാണ്…….
ചിലനിമിഷങ്ങളില്‍ ഇതെല്ലാമോര്‍ത്തു
മിഴികളില്‍ നിന്നും കവിളിണകളിലൂടെ
ഒഴുകിവരുന്ന കണ്ണീര്‍ ചാലുകള്‍
അവന്‍റെ ചുണ്ടുകള്‍ക്കിടയിലൂടെ ഊറി വരും.....
പിന്നെ നാവില്‍ നിന്നും മനസ്സിലേക്കൊഴുകുന്ന
ദുഖത്തിന്റെ കയ്പ്പ് രസം എത്രയോ തവണ
അവന്‍റെ രാത്രികളെ ഉറക്കമില്ലാതാക്കിയിരിക്കുന്നു.....
എന്‍റെ ഇത്രയും നാളത്തെ ചുരുങ്ങിയ
പ്രവാസ ജീവിതത്തില്‍ കണ്ട ചില കാഴ്ചകള്‍
ഒരിക്കലും മറക്കാന്‍ കഴിയില്ല.......
പണ്ട് നാട്ടില്‍ ഓരോ ഗള്‍ഫുകാരനും
നമ്മെ കടന്നു പോകുമ്പോള്‍ ഉണ്ടാകുന്ന സുഗന്ധത്തിനു
നമ്മളറിയാത്ത അല്ലെങ്കില്‍ അനുഭവിക്കാത്ത
ഒത്തിരി ആത്മാക്കളുടെ വിയര്‍പ്പുമണമുണ്ടെന്നു
ആരറിയുന്നു !!!!!
ഇവിടെ എത്ര വിയര്‍ത്തൊഴുകിയാലും
അവന്‍ വിലകൂടിയ സുഗന്ധദ്രവ്യങ്ങള്‍
ഉപയോഗിക്കാറില്ല

കാരണം.....
ചുറ്റിലും അവന്‍ കാണുന്നത്
അവന്‍റെ തന്നെ പ്രതിരൂപങ്ങളാണ്....
അവന്‍റെ വേദനയെ കുറിച്ചോര്‍ത്തു വിഷമിക്കുവാനും
വേദനിക്കുവാനും ആര്‍ക്കും കഴിയാറില്ല.....
കാരണം മറ്റുള്ളവരുടെ സ്ഥിതിയും അവന്‍റെതിനു
തുല്യമോ അതില്‍ കൂടുതലോ ആണ്.....
ഭൂരിഭാഗം പ്രവാസിയും സൂര്യന്‍റെ തീവ്രരശ്മികള്‍
നേരിട്ട് ശരീരത്തില്‍ ഏറ്റുവാങ്ങുന്നവരാണ്…..
പലരുടെയും പുറത്തു വരണ്ടുണങ്ങിയ
പാടങ്ങള്‍ പോലെ നേര്‍ത്ത വിള്ളലുകള്‍
കാണാന്‍ കഴിയും.....
കാഴ്ച മറക്കുന്ന പൊടിക്കാറ്റില്‍ വിയര്‍പ്പുണങ്ങാത്ത
ശരീരവുമായി അടച്ചിട്ട മുറികളില്‍
ശീതീകരണ യന്ത്രത്തിന്റെ സഹായത്തോടെ
അവന്‍ ശരീരം തണുപ്പിച്ചെടുക്കും……..
അപ്പോഴും ഉരുകുന്ന മനസ്സിനെ കുളിരണിയിക്കാനുള്ള
ഒരു യന്ത്രവും കണ്ടു പിടിച്ചിട്ടില്ലല്ലോയെന്നു
അവന്‍ ആത്മഗതം ചെയ്യും …
പിന്നെ.......
മെല്ലെ തളര്‍ച്ചയോടെ മിഴികള്‍ പൂട്ടുന്ന അവന്‍റെ
കണ്മുന്നില്‍ തെളിഞ്ഞുവരുന്നത്
അങ്ങകലെ തന്നെയും കാത്തു വഴികണ്ണുമായ്
കാത്തിരിക്കുന്ന കുടുംബാമ്ഗങ്ങളെയാണ്....
പിന്നെ പേകിനാവു പോലെ കൂടി വരുന്ന ബാദ്ധ്യതകളും……..
ഒരിക്കല്‍ പോലും സമാധാനത്തോടെ ഈ
മരുഭൂമിയിലും നാട്ടിലും അവനു
നില്‍ക്കാന്‍ കഴിയാറില്ല……..
ഇവിടെ നില്‍ക്കുമ്പോള്‍ അവന്‍റെ ജീവിത സ്വപ്നങ്ങളായ
കുടുംബത്തെ കുറിച്ചുള്ള വേവലാതികള്‍
അവന്‍റെ മോഹങ്ങളെ മുളയിലേ കരിച്ചു കളയുന്നു.....
അവരുടെ സാമിപ്യം കൊതിക്കാത്ത ഒരു രാത്രിപോലും
അവന്‍റെ ഈ പ്രവാസ ജീവിതത്തില്‍ ഉണ്ടായിരിക്കില്ല .......
കുളിര്‍മ്മ നിറഞ്ഞ കാലാവസ്ഥയും,
മനസ്സിനെ മോഹിപ്പിക്കുന്ന മഴക്കാലവും മാമ്പഴകാലവും
അവന്‍റെ സ്വപ്‌നങ്ങള്‍ മാത്രമാണിന്ന്........
അവന്‍റെ ഓണവും, ക്രിസ്തുമസ്സും, പെരുന്നാളുമെല്ലാം
ഒരൊറ്റ ഫോണ്‍ വിളിയാല്‍ ആഘോഷിക്കാനുള്ളതാണ്….
മറിച്ചു നാട്ടിലാണേല്‍…….
ദിവസവും ശൂന്യമായികൊണ്ടിരിക്കുന്ന
കീശയിലേക്ക്‌ നോക്കി നെടുവീര്‍പ്പിടുവാനെ
അവനു കഴിയാറുള്ളൂ …….
ഒരിക്കല്‍ പോലും ആരും അവന്‍റെ
വിഷമങ്ങളും വേദനകളും മനസ്സിലാക്കിയിട്ടില്ല …
അല്ലെങ്കില്‍ അവന്‍ ആരെയും അറിയിച്ചിട്ടില്ല .........
കാരണം അവന്‍റെ മേല്‍വിലാസം ഗള്‍ഫുകാരനെന്നാണ് ……..!!!
അങ്ങകലെ എണ്ണ പാഠത്തില്‍ പൊന്നുവിളയിക്കുന്നവന്‍!!!
നാട്ടില്‍ അംബരചുംബികളായ
ബഹുനില കെട്ടിടങ്ങള്‍ പണിയിക്കുന്നവന്‍.......!!!
ആരെയും ഒന്നുമറിയിക്കാതെ
പലിശക്കെടുത്ത പണത്തിനു ടിക്കെറ്റ് വാങ്ങി
അവന്‍ വീണ്ടും ഈ മരുഭൂമിയിലോട്ടു പറക്കും …..
സ്വന്തം ജീവിതവും സ്വപ്നങ്ങളും, ഹോമിച്ചു കൊണ്ട്
മറ്റുള്ളവര്‍ക്ക് വെളിച്ചമേകാന്‍……...

കാലിക്കറ്റ്‌ to ബഹ്‌റൈന്‍..

2005 ഫെബ്രുവരി 5. അന്ന് രാത്രി 7 മണിയോടടുത്താണ് ഞാന്‍ ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. ഗള്‍ഫില്‍ തണുപ്പ്‌ കാലമായിരുന്നു. പുറത്തു നല്ല തണുപ്പ്‌. ആ തണുപ്പിലേക്കാണ് എന്റെ പ്രവാസത്തിന്റെ തുടക്കം. തണുത്ത കാറ്റ് വന്നു സ്വാഗതം ചൊല്ലിക്കൊണ്ടിരുന്നു.

ഇമിഗ്രേഷന്‍ കൗണ്ടറിലെ ഉദ്യോഗസ്ഥന് അറബിയല്ലാതെ ഒന്നുമറിയില്ല. അയാള്‍ എന്തോ ചോദിച്ചു. അറബി വാമൊഴി ആദ്യം കേള്‍ക്കുകയാണ്. ഒന്നും മനസ്സിലായില്ല. സ്കൂളിലും മദ്രസയിലും കോളേജിലും പഠിച്ച അച്ചടിച്ച അറബിയുടെ സകല സൗന്ദര്യത്തോടെയും ഞാന്‍ പറഞ്ഞു -ഞാന്‍ പുതിയ വിസയില്‍ വരുന്നവനാണ്. അയാള്‍ പിന്നെയും എന്തോ ചോദിച്ചു. ഞാനെന്റെ അച്ചടി അറബി ആവര്‍ത്തിച്ചു. ഒരു രക്ഷയുമില്ല. ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതായപ്പോള്‍ ഉദ്യോഗസ്ഥന്റെ ക്ഷമ നശിച്ചത് സ്വാഭാവികം. സീറ്റില്‍ നിന്നെഴുന്നേറ്റ് അദ്ദേഹം കൈ ദൂരേക്ക് ചൂണ്ടി ഒരലര്‍ച്ചയായിരുന്നു.. ബര്‍ര്‍ര്‍ര്‍റ............ബര്‍ര്‍ര്‍ര്‍റ..............................
(ഗെറ്റൗട്ട് എന്നതിന് അറബിയില്‍ അങ്ങിനെയാണ് പറയുകയെന്ന് അന്ന് അറിയില്ലായിരുന്നു).

വിമാനത്തില്‍ നിന്ന് ഒരു ഡിസ്എംബാര്‍കേഷന്‍ ഫോം തന്നിരുന്നു. അത് ഞാന്‍ പൂരിപ്പിച്ചതുമാണ്. ഇമിഗ്രേഷന് ക്യൂവില്‍ നില്‍ക്കുമ്പോള്‍ എന്തോ പറഞ്ഞ് ഒരുദ്യോഗസ്ഥന്‍ എന്റെ കയ്യില്‍ നിന്ന് അത് വാങ്ങിക്കൊണ്ടുപോയി. ആ ഫോം കാണാത്തതതു കൊണ്ടാണ് കൗണ്ടറിലെ ഉദ്യോഗസ്ഥന്‍ ക്ഷുഭിതനായത്. ബര്‍റയുടെ അര്‍ഥം അന്ന് പിടികിട്ടാതിരുന്നത് നന്നായി. അല്ലെങ്കില്‍ വന്നിറങ്ങിയ ദിവസം തന്നെ ഈ രാജ്യത്തു നിന്ന് പുറത്തായിപ്പോയല്ലോ ദൈവമേ എന്ന് ഞാന്‍ ബേജാറായേനെ!



തുടരും